ഒരു കാലത്ത് ബഡ്ജറ്റ് സിനിമകളുടെ ഏറ്റവും വലിയ ആശ്രമയമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. തിയ്യറ്ററുകളിൽ സിനിമ വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മുടക്ക് മുതൽ സ്വന്തമാക്കാൻ പല സിനിമകൾക്കും സാധിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ആളുകളെത്തിയതോടെ വൻ തുകക്ക് സിനിമകൾ ഏറ്റെടുക്കുന്നതും ഒടിടിക്ക് മാത്രമായി സിനിമ നിർമിക്കുന്ന രീതിയും വന്നു. എന്നാൽ ആഗോള ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് ഏറ്റെടുക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ വിമുഖത കാണിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 20 കോടി ഒടിടി റിലീസിനായി ചോദിച്ചെങ്കിലും 10.5 കോടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. നിർമാതാക്കളെ സംബന്ധിച്ച് ഇത് നഷ്ടവുമാണ്. ഇതോടെ മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെയുള്ള സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ള എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഡിസ്നി പ്ലസ്, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവരിൽ ആരെങ്കിലും 20 കോടിക്ക് മുകളിൽ സിനിമക്ക് നൽകിയേനെ. തിയേറ്ററിൽ വൻ വിജയങ്ങളാകുന്ന സിനിമകൾ 2-3 മാസം കഴിഞ്ഞ് മാത്രമേ ഒടിടിക്ക് ലഭിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ സിനിമകൾ വലിയ തുകയ്ക്ക് വാങ്ങേണ്ടെന്നാണ് പ്രമുഖ പ്ലാറ്റ്ഫോമുകളുടെ തീരുമാനമെന്ന് ശ്രീധർ പിള്ള പറയുന്നു.
തമിഴിലും അവസ്ഥ ഇത് തന്നെയാണ്. വലിയ താരങ്ങളുടെ സിനിമകൾ പോലും 50 ശതമാനം വരെ കുറഞ്ഞ തുകയിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ സ്വീകരിക്കുന്നത്. വലിയ താരങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ വാങ്ങാൻ പോലും ആളില്ല. 2022-ൽ ഒടിടി പ്ലാറ്റ്ഫോമുകൾ നൽകിയ വിലയുടെ മൂന്നിലൊന്നായിരിക്കും ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇനി ലഭിക്കുക എന്നും ശ്രീധർ പിള്ള പറഞ്ഞു.
കോവിഡിന് ശേഷം മലയാള സിനിമകളടക്കം ഒടിടിയിൽ റിലീസ് ചെയ്തത് തിയ്യറ്റർ വ്യവസായത്തെയും മോശമായി ബാധിച്ചിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തതിനെതിരെ വിമർശനവും വന്നിരുന്നു. റിലീസ് ചെയ്ത സിനിമകൾ പെട്ടെന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ വരുന്നത് തിയ്യറ്ററിൽ നിന്ന് ആളുകളെ അകറ്റി. ഇതോടെയാണ് തിയ്യറ്ററിൽ റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാകൂ എന്ന വ്യവസ്ഥ വെച്ചത്. പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മലയാള സിനിമ വ്യവസായത്തിനും തിയ്യറ്ററുകൾക്കും പുതുജീവൻ നൽകിയാണ് 2024 കടന്ന് പോകുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ നാല് സിനിമകളും വൻ ഹിറ്റായിരുന്നു. എല്ലാ സിനിമകളും 50 കോടി കളക്ഷൻ പിന്നിട്ടപ്പോൾ പ്രേമലും 100 കോടിയും മഞ്ഞുമ്മൽ ബോയ്സ് 150 കോടിയും പിന്നിട്ടിട്ടുണ്ട്.