മലയാള സിനിമ വ്യവസായത്തിൽ ഒടിടിയുടെ വരവ് വലിയ മാറ്റമാണ് കൊണ്ട് വന്നത്. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും സാങ്കേതിക വിദഗ്ധരും. ഒടിടിക്ക് വേണ്ടി മാത്രം സിനിമയെടുക്കുന്ന രീതിയും കടന്ന് വന്നു. തീയറ്ററിൽ വിജയമായില്ലെങ്കിലും ഒടിടിയിൽ നൽകുന്നതോടെ നഷ്ടമില്ലാതായത് സിനിമ മേഖലക്കും ആശ്വാസമായിരുന്നു.
എന്നാൽ പ്രാദേശിക സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം കച്ചവടം കുറയുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. തെലുങ്ക്, തമിഴ് സിനിമകളുടെ കച്ചവടം അത്യാവശ്യം നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ കച്ചവടം അവസാനിച്ച അവസ്ഥയിലാണ്. തിയറ്ററിനെ ആശ്രയിച്ചു മാത്രം സിനിമ എടുക്കാവുന്ന അവസ്ഥയിലേക്കാണ് നിലവിലെ പോക്ക്.
കച്ചവടത്തിൽ വൻ തിരിച്ചടി നേരിട്ടതോടെ ഇനി സിനിമകൾ വാങ്ങേണ്ടതില്ലെന്നാണ് ഒടിടികളുടെ തീരുമാനം. പല ചിത്രങ്ങളിൽനിന്നും മുടക്കുമുതലിന്റെ 10% പോലും തിരിച്ചുകിട്ടുന്നില്ല. 27 കോടി രൂപയ്ക്കു കച്ചവടം നടത്തിയ ഒരു സിനിമ ഒടിടിക്കു നൽകിയ വരുമാനം 50 ലക്ഷത്തിൽ താഴെ മാത്രം. ഇടനിലക്കാരായ ഏജന്റുമാരാണു കച്ചവടം നടത്തിയിരുന്നത്. ഇവർ ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മിഷൻ കൊടുത്തിരുന്നു. ഇതെല്ലാം പരിധി ലംഘിച്ചതോടെയാണു സിനിമ എടുക്കേണ്ടെന്നു ഒടിടികൾ തീരുമാനിച്ചത്. പുതിയ വരിക്കാരെ കിട്ടാൻ സാധ്യതയില്ലാത്ത സിനിമകൾ വേണ്ടെന്നാണു തീരുമാനം. ഒടിടിയെ പ്രതീക്ഷിച്ച് ആസൂത്രണം ചെയ്ത 30 സിനിമകളെങ്കിലും ഇപ്പോൾ നിലച്ചു. പൂർത്തിയാക്കിയ നൂറോളം സിനിമകൾ ഒടിടിയുടെ വാതിൽ തുറക്കുന്നതും കാത്തിരിക്കുകയാണ്.
സൂപ്പർസ്റ്റാർ സിനിമകളും റിലീസ് ചെയ്തു കലക്ഷനുണ്ടോ എന്നു നോക്കി മാത്രമേ എടുക്കൂ എന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ വ്യക്തമാക്കിയിട്ടുണ്ട്. വൻ ഹിറ്റു സിനിമകൾക്കുപോലും കടുത്ത വിലപേശലിനു ശേഷമാണ് പരിഗണിക്കുന്നത്. മലയാളത്തിൽ സൂപ്പർഹിറ്റായ ഒരു ചിത്രം 15 മുതൽ 20 കോടി വരെ ചോദിച്ചെങ്കിലും കച്ചവടം നടന്നത് 6 കോടി രൂപയ്ക്ക് മാത്രമാണ്.
OTT Release Crisis In Malayalam Movie Industry