ഇസ്ലാമാബാദ് : ”വലിയ പ്രകാശം പ്രത്യക്ഷപ്പെട്ടു, ആകാശം ചൂവന്നു തുടുത്തു, പിന്നാലെ മൂന്ന് വന്‍ സ്ഫോടന ശബ്ദം ഉയര്‍ന്നു.” പാകിസ്ഥാനിലെ മുരിദ്കെ നഗരത്തിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് ദൃക്സാക്ഷി നടത്തുന്ന വിവരണം ഇങ്ങനെയാണ്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യയുടെ ഓപറേഷന് സിന്ദൂര്‍ മേഖലയിലെ ഒരു വലിയ കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് പ്രദേശ വാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മുരിദ്കെ. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന് തലസ്ഥാനമായ ലാഹോറില്‍ നിന്നും അധികം ദൂരെയല്ലാത്ത നഗരം. ഇവിടെയായിരുന്നു ഓപ്പറേഷന് സിന്ദൂര്‍ ലക്ഷ്യമിട്ട പള്ളിയും മദ്രസയും ഉള്‍പ്പെട്ട ഒരു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അര്‍ദ്ധ രാത്രി മൂന്നോളം സ്ഫോടനങ്ങള്‍ നടന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റൊന്നിന്റെ ചുവരുകള്‍ക്ക് വലിയ ദ്വാരങ്ങള്‍ വീണിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്തിന് അടുത്തുള്ള ഒരു വലിയ കെട്ടിടമാണ് ഇന്ത്യന്‍ ആക്രമണത്തില്‍ തര്ന്നത്. ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാന് ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്കര്‍-ഇ-തൊയ്ബ ഉപയോഗിച്ചിരുന്നതാണ് ഈ കെട്ടിടം. പിന്നീട് ഇത് ജമാഅത്ത്-ഉദ്-ദവയുടെ നിയന്ത്രണത്തിലായിരുന്നു ഇത്. എന്നാല്‍ അടുത്തിടെ ഈ കെട്ടിടങ്ങള്‍ പാക് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.