തിരുവനന്തപുരം : ഇനിയുള്ള നാളുകൾ ദീപക്കാഴ്ചകളുടേതാണ്. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന് ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നത്.
ചടങ്ങില്‍, സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടര്‍ന്ന് ബിജുനാരായണന്-റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും.
കനകക്കുന്നില്‍ അഞ്ച് വേദികളിലായാണ് സെപ്റ്റംബര്‍ രണ്ട് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറുക. ജില്ലയില്‍ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. നാടന്‍ കലകള്‍ ആസ്വദിക്കുന്നവർക്കായി കലാവസന്തമാണ് ഓരോ വേദിയും കാത്ത് വെയ്ക്കുന്നത്.
കനകക്കുന്നില്‍ ആരംഭിച്ച ട്രേഡ്, ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകള്‍ ആഘോഷം പൊലിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോയും അരങ്ങേറും. സെപ്റ്റംബര്‍ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണ ശബളമായ സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.