ന്യൂഡല്‍ഹി : രാജ്യത്തെ എന്‍ജിനീയറിങ് അടക്കം വിവിധ ടെക്നിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ അപേക്ഷയില്‍ മാറ്റം വരുത്തുന്നതിനുള്ള കറക്ഷന് വിന്‍ഡോ 26 മുതല്‍ 27 വരെ ഓപ്പണ്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. jeemain.nta.nic.in. എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനാവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നോട്ടീസിൽ അറിയിച്ചു.
എന്‍ജിനീയറിങ് അടക്കം വിവിധ ടെക്നിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി 22ന് (വെള്ളിയാഴ്ച) അവസാനിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടില്ലെന്ന് വ്യക്തമാക്കിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമയക്രമം പാലിച്ച് ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.
മാറ്റങ്ങള്‍ വരുത്താനുള്ള വിന്‍ഡോ നവംബര്‍ 27ന് രാത്രി 11.50 വരെ പ്രവര്‍ത്തിക്കും. ചേര്‍ത്ത വിവരങ്ങളില്‍ മാറ്റം വരുത്താനും പരീക്ഷാ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ പരിഷ്ക്കരിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് വിന്‍ഡോ. മാറ്റങ്ങള്‍ക്ക് അധിക ഫീസ് നല്‍കേണ്ടി വന്നേക്കാം. ഫീസ് അടച്ചില്ലെങ്കില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രത്തിന്റെ സ്ലിപ്പും അഡ്മിറ്റ് കാര്‍ഡും ജനുവരിയില്‍ എന്‍ടിഎ പുറത്തുവിടും.ജനുവരിയില്‍ നടക്കുന്ന പരീക്ഷയുടെ ഫലം ഫെബ്രുവരി 12നാണ് പുറത്തുവിടുക. ജനുവരി 22 മുതല്‍ ജനുവരി 31 വരെയാണ് പരീക്ഷ. ഏപ്രിലില്‍ നടക്കുന്ന അടുത്ത പരീക്ഷയുടെ രജിസ്ട്രേഷന് ഫെബ്രുവരി 12ന് ഫലം പ്രഖ്യാപിച്ച ശേഷം ആരംഭിച്ചേക്കും.