

കോട്ടയം : എന്‍എസ്എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നല്ലതിനെ അംഗീകരിക്കും. എന്‍ എസ് എസിന് കമ്യൂണിസ്റ്റുകള്‍ നിഷിദ്ധമൊന്നുമല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 112-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തില്‍, ശരിദൂരം കണ്ടെത്തി. ഇതില്‍ രാഷ്ട്രീയം നോക്കിയില്ല. അയ്യപ്പ സംഗമത്തിലെ എന്‍എസ്എസ് സാന്നിധ്യം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സുകുമാരന്‍ നായരുടെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ നെഞ്ചത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എന്‍ എസ് എസ് നിലപാട്. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറല്‍ ഏല്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ വന്നപ്പോഴാണ് എന്‍ എസ് എസ് ശബ്ദമുയര്‍ത്തിയത്. ശബരിമലയില്‍ മുന്‍കാലങ്ങളിലെ പോലെ ആചാരാനുഷ്ഠാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചുവരുന്ന സന്ദര്‍ഭത്തില്‍ വികസനം കൂടി വേണം.
അതിന് കൂടിയാലോചന വേണമെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസ് പ്രതിനിധി പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ ഇപ്പോഴും സുപ്രീം കോടതിയില്‍ ഒമ്പത് അംഗ ബഞ്ചില്‍ എന്‍ എസ് എസിന്റെ കേസ് ഉണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.