ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ ജാവേദ് മിയാന്‍ദാദിനെയും കുടുംബത്തെയും പാകിസ്ഥാന് വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് മിയാന്‍ദാദ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചിട്ടുണ്ട്. ദാവൂദിനെക്കുറിച്ചു ഒന്നും പറയുന്നില്ലെന്നും പാകിസ്ഥാന് സര്‍ക്കാര്‍ പറയുമെന്നുമാണ് മിയാന്‍ദാദിന്റെ പ്രതികരണം.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദ് ഇബ്രാഹിമിനെ ചികിത്സിക്കുന്നതെന്നാണു വിവരം. ദാവൂദിനെ ചികിത്സിക്കുന്ന ആശുപത്രിയുടെ നിലയില്‍ വേറെ രോഗികളാരും ഇല്ലെന്നാണ് വിവരം. അടുത്ത ബന്ധുക്കളെയും ഡോക്ടര്‍മാരെയും മാത്രമാണ് അകത്തേക്കു കടത്തിവിടുന്നതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാവൂദ് ജീവനോടെയുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അടുത്ത സഹായി ഛോട്ടാ ഷക്കീല്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. ദാവൂദ് മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെത്തുടര്‍ന്നാണ് ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചത്.