വാഷിംഗ്ടൺ ഡിസി : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അടുത്ത മാസം റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുക്രെയ്നെതിരായ യുദ്ധത്തെ നേരിടാൻ റഷ്യക്ക് ആയുധം നൽകാനുള്ള സാധ്യതയെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥർ സിബിഎസിനോട് വെളിപ്പെടുത്തി.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി യുഎസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കിംഗ്-പുടിൻ കൂടിക്കാഴ്ച നടക്കുന്നത്. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം വ്യക്തമായിട്ടില്ല. പ്രത്യേകം നിർമിച്ച കവചിത ട്രെയിനിലാണ് കിം യാത്ര ചെയ്യാൻ സാധ്യതയെന്ന് യുഎസ് വൃത്തങ്ങൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
റഷ്യൻ പ്രതിരോധമന്ത്രി സെർഗെയി ഷൊയ്ഗുവും സംഘവും കഴിഞ്ഞ ജൂലൈയിൽ ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. കിം ജോംഗ് ഉന്നുമായി ഉഭയകക്ഷി ചർച്ച നടത്തിയ ഷൊയ്ഗു, പുടിന്റെ കത്ത് കിമ്മിന് കൈമാറിയിരുന്നു. ഉത്തരകൊറിയൻ സേനയെ ലോകത്തെ ഏറ്റവും കരുത്തുറ്റതെന്നാണ് ഷൊയ്ഗു വിശേഷിപ്പിച്ചത്. യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയയിൽ നിന്ന് കൂടുതൽ ആയുധസഹായം നേടിയെടുക്കാനുള്ള പുടിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ഷൊയ്ഗുവിന്റെ സന്ദർശനമെന്നായിരുന്നു വൈറ്റ്ഹൗസിന്റെ സുരക്ഷാസമിതി കോ-ഓർഡിനേറ്റർ ജോൺ കിർബി പ്രതികരിച്ചത്