കൊല്ലം : ഗവർണർക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർക്കെതിരെ വകുപ്പ് ചുമത്തി കേസെടുത്തു. ഇതോടെ നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി.
കൊല്ലം നിലമേൽ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർ നടുറോഡിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ഗവർണർ പ്രതിഷേധിച്ചത്. പൊലീസിനോടും ഗവർണർ ക്ഷുഭിതനായി.
പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. 17 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് വ്യക്തമാക്കി.