ഗാസ : ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗാസയില്‍ വെള്ളവും വൈദ്യുതിയും ഇന്ധനവും നല്‍കില്ലെന്ന് ഇസ്രയേല്‍.
‘ഗാസയിലേക്ക് മാനുഷിക സഹായമോ? ബന്ദികളായ ഇസ്രയേലുകാര്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ ഇലക്ട്രിക് സ്വിച്ചുകള്‍ ഓണാക്കില്ല. ജല വിതരണ പൈപ്പുകള്‍ പ്രവര്‍ത്തിക്കില്ല, ഇന്ധന ടാങ്കുകള്‍ എത്തില്ല. മാനുഷിക പരഗണന മനുഷ്യര്‍ക്കാണ്. ആരും ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വരരുത്’- ഇസ്രയേല്‍ വൈദ്യുതി മന്ത്രി ഇസ്രയേല്‍ കാട്സ് എക്സില്‍ കുറിച്ചു.
ഇസ്രയേല്‍ ഇന്ധന വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഗാസയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നലെ നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന ഗാസയില്‍ സമ്പൂര്‍ണമായി വൈദ്യുതി മുടങ്ങി. ആശുപത്രികളും മറ്റ് അവശ്യ സേവനങ്ങളും ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ ജനറേറ്ററുകള്‍ക്കും അധികം ആയുസുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ താറുമാറാകും.
അതേസമയം, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ചര്‍ച്ച നടത്തും. പലസ്തീന് പ്രസിഡന്റ് മഹമ്മുദ് അബ്ബാസുമായി ബ്ലിങ്കന്‍ ആശയവിനിമയം നടത്തിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.