കൊച്ചി : പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. നഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാല് മണി വരെ മാത്രമേ ഉണ്ടാകുകയുള്ളു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
ഫോർട്ട് കൊച്ചി ഏഴ് മണിവരെ റോ-റോ സർവീസ് ഉണ്ടാകുയുള്ളു. ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസും ഏഴു മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പുതുവർഷ ആഘോഷങ്ങൾക്കു ശേഷം തിരിച്ചു പോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോർട്ട് കൊച്ചിയിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അവയെല്ലാം പ്രത്യേക പാർക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റും.
പുറമെ നിന്നെത്തുന്നവർക്കായി ഫോർട്ട് കൊച്ചിയിൽ പതിനെട്ട് പാർക്കിങ് ഗ്രൗണ്ടുകൾ ഒരുക്കും. അവിടെ പാർക്കിങ് ഫിൽ ആയാൽ മട്ടാഞ്ചേരിയിലും പാർക്കിങ് സൗകര്യം ഒരുക്കും. അവിടെയും വാഹനങ്ങൾ നിറഞ്ഞാൽ ബിഒടി പാലം വഴി വാഹനങ്ങൾ കടത്തിവിടില്ലെന്നും കമ്മീഷണർ അറിയിച്ചു.