വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്.
ആക്രമണം മിഡിൽ ഈസ്റ്റിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. 2023ൽ ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്. ആക്രമിക്കാനുള്ള അന്തിമ തീരുമാനം ഇസ്രായേൽ നേതാക്കൾ എടുത്തിട്ടില്ലെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. എന്നാൽ, ആണവചർച്ചകൾ നടക്കുമ്പോൾ ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിന് യു.എസ് സർക്കാറിൽ നിന്ന് കടുത്ത എതിർപ്പുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥരുടെ മെസേജുകളും മറ്റ് കമ്യൂണിക്കേഷനുകളും സൈനിക നീക്കവും പരിശോധിച്ചാണ് യു.എസ് രഹസ്യാന്വേഷണവിഭാഗം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. വ്യോമാക്രമണത്തിന് ഇസ്രായേൽ ഒരുക്കം തുടങ്ങിയെന്നും ഇതിനുള്ള പരിശീലനം ആരംഭിച്ചുവെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
അതേസമയം, ഇറാനെ ഭീഷണിപ്പെടുത്തുക മാത്രമാണ് പുതിയ നീക്കങ്ങളിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തലുണ്ട്. എന്നാൽ, വാർത്തകളോട് പ്രതികരിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസോ യു.എസിലെ ഇസ്രായേൽ എംബസിയോ തയാറായിട്ടില്ല. നേരത്തെ ആണവപദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു.