ഇന്ത്യയില്‍ ഇനി മുതല്‍ പാസ്വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന് ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്.ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും നെറ്റ് ഫ്ലിക്സ് അറിയിച്ചു. പുതിയ നിർദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഈ മെയില്‍ ഇന്നു മുതല്‍ തന്നെ കമ്പനി അയച്ച് തുടങ്ങുമെന്നാണ് വിവരം. ഇത് സൂചിപ്പിക്കുന്ന കമ്പനിയുടെ പ്രസ്താവനയും പുറത്ത് വിട്ടു.
യുഎസിലേക്കും മറ്റ് 100-ലധികം രാജ്യങ്ങളിലേക്കും പാസ്വേഡ് പങ്കിടലിന് ആണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ‘ഒരു നെറ്റ് ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ് ഫ്ലിക്സ് ഉപയോഗിക്കാം. വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിൽ എന്നിങ്ങനെ എപ്പോഴും ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ പ്രൊഫൈൽ കൈമാറുക, ആക്സസും ഡിവൈസും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ സാധീക്കും.’ എന്നും നെറ്റ് ഫ്ലിക്സിന്റെ പ്രസ്താവനയില്‍ പറയുന്നു.
പണമടച്ചുള്ള പങ്കിടൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും, നെറ്റ്ഫ്ലിക്സ് മറ്റൊരു സമീപനം പരീക്ഷിക്കുകയാണ്. ഉപയോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക ഫീസ് നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓഹരി ഉടമകൾക്ക് അയച്ച കത്തിലും ‘എക്സ്ട്രാ മെമ്പർ’ ഓപ്ഷൻ നൽകില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. യുഎസ്എ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ ഈ വർഷം മെയ് മാസം മുതല്‍ തന്നെ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടലിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു.