തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം), കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (89 ശതമാനം) എന്നിവയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എന്‍ക്യുഎഎസ് അംഗീകാരവും 76 ആശുപത്രിക്ക് പുനര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. അഞ്ച് ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രി, ഒമ്പത് സാമൂഹികാരോഗ്യകേന്ദ്രം, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 116 കുടുംബാരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് അംഗീകാരം നേടിയത്.
മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്നുവര്‍ഷത്തെ കാലാവധിയാണുള്ളത്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവും ലഭിക്കും.