ഓസ്ലോ : ഇറാനില്‍ തടവറയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയെ പ്രതിനിധീകരിച്ചു മക്കളായ ഇരട്ടക്കുട്ടികള്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങും. നോര്‍വന്‍ തലസ്ഥാനമായ ഓസ്ലോയിലെ സിറ്റി ഹാളില്‍ ഇന്ന് രാത്രി പ്രാദേശിക സമയം 12നാണ് പുരസ്കാര ചടങ്ങുകള്‍. 17 കാരിയായ അലിയും കിയാനിയും അമ്മയുടെ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരം ഏറ്റുവാങ്ങും. ജയിലില്‍വെച്ച് നര്‍ഗീസ് എഴുതിയ പ്രസംഗം ഇരുവരും വായിക്കും. പുരസ്കാരം ഏറ്റുവാങ്ങുന്ന സമയം നര്‍ഗീസ് ജയിലില്‍ നിരാഹാരം അനുഷ്ഠിക്കും.
ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നടത്തിയ പോരാട്ടമാണ് നര്‍ഗീസിനെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കിയതിനും വധശിക്ഷയ്ക്കും എതിരെയാണ് നര്‍ഗീസ് പോരാടിയത്. ഇതോടെ 51 കാരിയായ നര്‍ഗീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി.
നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്ന അതേ ദിവസം നര്‍ഗീസ് നിരാഹാരസമരം അനുഷ്ഠിക്കുമെന്ന് ഓസ്ലയില് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് ടാഗി റഹ്മാനിയും സഹോദരനും പറഞ്ഞു. ഇറാനിലെ മതന്യൂനപക്ഷമായ ബഹായ് വിഭാഗം നേരിടുന്ന വിവേചനത്തിനെതിരെയാണ് ഇതേ വിഭാഗക്കാരായ രണ്ടുപേര്‍ക്കൊപ്പമാണ് നര്‍ഗീസിന്റെ സമരം.