ന്യൂഡല്‍ഹി : ബംഗ്ലദേശ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയദിന ആശംസകള്‍ നേര്‍ന്ന മോദി, പരസ്പര താല്പര്യങ്ങള്ക്കും ആശങ്കകള്‍ക്കും പ്രാധാന്യം നല്കികൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തില്‍ വ്യക്തമാക്കി.
‘നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയിട്ട പങ്കാളിത്ത ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ദേശീയ ദിനം. ബംഗ്ലദേശിന്റെ വിമോചന യുദ്ധം നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. അത് പല മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയും ജനങ്ങള്‍ക്ക് ഗുണകരമാവുകയും ചെയ്തു. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ പൊതു ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ മോദി പറഞ്ഞു.
ഏപ്രില്‍ 3-4 തീയതികളിലായി ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. ബംഗ്ലദേശിന് പിന്തുണ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും രാഷ്ട്രപതി മുഹമ്മദ് ഷഹാബുദ്ദീനും കത്തെഴുതി.