റബറ്റ്: മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. മരണസംഖ്യ 632 എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 329 പേര്‍ക്ക് പരിക്കേറ്റു.
ഇവരില്‍ 51 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ പകുതിയിലും അല്‍-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലായി ഉള്ളവരാണ്.വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുഎസ് ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി.നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ തെരുവിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിരവധിപേർക്ക് ജീവന് നഷ്ടപ്പെട്ട മൊറോക്കോ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.”മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന് നഷ്ടപ്പെട്ടതില്‍ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്- അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വിവിധ ലോക രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തു.