റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേര് പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് കരുതപ്പെടുന്നത്. അതിനാല്‍ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്ലസ് പര്‍വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനമുണ്ടായി. അയൽരാജ്യമായ അൾജീരിയയിലും ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പനം സ്പെയിനിലും പോർച്ചുഗലിലും വരെ അനുഭവപ്പെട്ടിരുന്നു. 1960ൽ മൊറോക്കൻ നഗരമായ അഗദിറിൽ ഉണ്ടായ വൻഭൂകമ്പത്തിൽ 12,000 പേരിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.