ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിന്റെ എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ധാരണ. തേജസിന്റെ പുത്തൻ മോഡലായ എം.കെ 2ന്റെ എഫ് -414 എൻജിൻ നിർമ്മാണ സാങ്കേതിക വിദ്യയാണ് കൈമാറുക. ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് വിമാനമാണ് തേജസ്.
നിലവിൽ വിമാനത്തിന്റെ എൻജിൻ മാത്രം യു.എസ് കമ്പനിയായ ജി.ഇയിൽ നിന്ന് വാങ്ങുകയാണ്. ജി.ഇ എയ്റോസ്പേസും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എൽ) സംയുക്തമായി നാസിക് യൂണിറ്റിലാകും എൻജിൻ നിർമ്മാണം. ധാരണാപത്രം ഇന്നലെ വാഷിംഗ്ടണിൽ ഒപ്പിട്ടു. ആഗോളതലത്തിൽ 1,600-ലധികം എഫ് 414 എൻജിനുകൾ വിതരണം ചെയ്ത കമ്പനിയാണ് ജിഇ എയ്റോസ്പേസ് .
1986 മുതൽ തേജസ് പദ്ധതിയുമായി ജി.ഇ കമ്പനി സഹകരിക്കുന്നുണ്ട്. തേജസ് എം.കെ1, എം.കെ1എ എന്നിവയിൽ ജി.ഇയുടെ എഫ് -404, എം.കെ2 മോഡലിൽ എഫ്.- 414 എൻജിനുകളാണ് ഉപയോഗിക്കുന്നത്. എം.കെ 1എയുടെ 75 എഫ് 404 എൻജിനുകൾ കൈമാറി. 99 എണ്ണം ലഭിക്കാനുണ്ട്. എം.കെ 2ന്റെ എട്ട് എഫ് 414 എൻജിനുകൾ ലഭിച്ചു. പുതിയ കരാർ പ്രകാരം 99 എൻജിനുകൾ ഇന്ത്യയിൽ നിർമ്മിക്കും.
ജി.ഇ എയ്റോ സ്പേസിന്റെ ഐ.എൻ.എസ് 6 എൻജിൻ ഉപയോഗിച്ച് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് വിമാനത്തിന്റെ (എ.എം.സി.എ) പ്രോട്ടോടൈപ്പ് വികസനം, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയും കരാറിന്റെ ഭാഗമാണ്.