വാഷിങ്ടണ്‍ : ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി കാരണമായെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് ബൈഡന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു.
നിങ്ങള്‍ ബൈഡനെ തെറ്റിദ്ധരിച്ചുവെന്ന് കരുതുന്നു. ഇസ്രയേലും സൗദി അറേബ്യയും തമ്മില്‍ സാധാരണ ബന്ധം സംജാതമാക്കുന്നതിനും കരാറുകളിലെത്താനും അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകാം ഹമാസിനെ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് ബൈഡന് ഉദ്ദേശിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ പ്രസിഡന്റിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.
ഇസ്രയേലിന്റെ പ്രാദേശിക ഏകീകരണത്തിലുള്ള പുരോഗതിയും ആക്രമണത്തിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ ഇതിന് തന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു. ഹമാസ് ആക്രമണത്തിന് പിന്നില്‍ ഡല്‍ഹി ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ പദ്ധതിയും ഘടകമായിട്ടുണ്ടാകാമെന്നായിരുന്നു ജോ ബൈഡന് പറഞ്ഞത്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന് അഭിപ്രായപ്രകടനം നടത്തിയത്. ജി-20 സമ്മേളനത്തില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായിരുന്നു.
ഇന്ത്യ-പശ്ചിമേഷ്യ- യൂറോപ് മേഖലയെ പൂര്‍ണമായും ഒരു റെയില്‍ റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹമാസിന്റെ ആക്രമണത്തിന് ഇതുമൊരു കാരണമാകാമെന്നാണ് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും ബൈഡന് പറഞ്ഞു.