ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയിലെ പാക്, ബ്രിട്ടീഷ് കോടീശ്വരന്മാർ ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അതിനിടെ സമുദ്രത്തിനിടയിൽ നിന്നും ചില ശബ്ദവീചികൾ കേട്ടതോടെ തിരച്ചിൽ സംഘത്തിന് ശുഭപ്രതീക്ഷ ഉണർന്നിട്ടുണ്ട് . അറ്റ്ലാന്റിക് സമുദ്രത്തിലെ വെള്ളത്തിനടിയില്‍ ഓരോ 30 മിനിറ്റിനുശേഷവും സോണാറുകള്‍ ശബ്ദ തംരംഗങ്ങള്‍ പിടിച്ചെടുക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെള്ളത്തിനടിയില്‍ നിന്ന് ആദ്യ ശബ്ദ തംരംഗങ്ങള്‍ കേട്ടതിന് പിന്നാലെ അധിക സോണാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അധിക സോണാറുകള്‍ വിന്യസിച്ചതിന് ശേഷവും ശബ്ദ തംരംഗങ്ങള്‍ കേട്ടുകൊണ്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇത് എപ്പോഴാണ് കേട്ടതെന്നോ എത്ര നേരം കേട്ടു എന്നോ വ്യക്തമല്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
സമുദ്ര പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവർത്തകർക്കിടയിൽ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നൽകി ശബ്ദവീചികൾ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും.
സമുദ്ര പേടകത്തിനായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്. ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്. അഞ്ച് യാത്രക്കാരായിരുന്നു ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയിലുണ്ടായിരുന്നത്. ഒന്നേമുക്കാൽ മണിക്കൂറിനകം അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യാത്ര പുറപ്പെടുന്പോൾ 96 മണിക്കൂർ കഴിയാനുള്ള ഓക്സിജൻ അന്തർവാഹിനിയിലുണ്ടായിരുന്നു.
30 മണിക്കൂർകൂടി കഴിയാനുള്ള ഓക്സിജനാണ് ബാക്കിയുള്ളതെന്നാണു വിവരം. പൈലറ്റ്, ദുബായിൽ താമസിക്കുന്ന പ്രമുഖ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, പാക്കിസ്ഥാൻ പൗരന്മാരായ ഷാസാദ ദാവൂദ്, മകൻ സുലൈമാൻ, മറ്റൊരു യാത്രക്കാരൻ എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ ബിസിനസ് കുടുംബമാണു ദാവൂദിന്റേത്. നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ച പദ്ധതിയുമായി സഹകരിച്ചയാളാണ് ഹാമിഷ് ഹാർഡിംഗ്. എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് ഒരാളിൽനിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്.
1912ലെ ടൈറ്റാനിക് ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചിരുന്നു. കപ്പലിന്റെ കന്നിയാത്രയായിരുന്നു അത്. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 600 കിലോമീറ്റർ അകലെ 3800 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടക്കുന്നത്. 1985ലാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്.