സനാ: ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. യെമന്റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മിസൈല്‍ പതിച്ചതിന് പിന്നാലെ കപ്പലിനു തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. നിര്‍ദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികള്‍ വ്യക്തമാക്കി. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ചരക്ക് കപ്പലിന് പുറമെ യുദ്ധകപ്പലിന് നേരെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍, മിസൈല്‍ യുദ്ധ കപ്പലില്‍ പതിക്കും മുമ്പെ തകര്‍ത്തുവെന്നും അമേരിക്ക അറിയിച്ചു. യെമനിലെ ഏദനില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷന് അതോറിറ്റി അറിയിച്ചു.