കൊച്ചി : അമേരിക്ക ആസ്ഥാനമായ പ്രമുഖ ഐടി കമ്പനി ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബിനെ ഇന്ത്യയിലെ തന്നെ പ്രധാന ഡെവലപ്പ്മെന്റ് സെന്ററാക്കി മാറ്റാനൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനി പുതിയ ചുവടുവെപ്പിലേക്ക് നീങ്ങുന്നതെന്നും ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹമാണ് ഇക്കാര്യം അറിയിച്ചതെന്നും കേരളത്തിന് ആകമാനം അഭിമാനിക്കാവുന്ന തീരുമാനമാണിത്. കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ കമ്പനിയുടെ സോഫ്റ്റ്വെയര് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാംകിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിന്നും 200 മുതല്‍ 300 വരെ ഉദ്യോഗാര്‍ഥികളെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇതിനു പുറമേ 300 വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യം കമ്പനി ഏര്‍പ്പെടുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി ആറ് മാസം നീണ്ടു നില്ക്കുന്ന സ്റ്റൈപന്‍ഡോടു കൂടിയ ഇന്റേൺഷിപ്പാണ് കമ്പനി ഒരുക്കുന്നതെന്നും പി.രാജീവ് കൂട്ടിച്ചേര്‍ത്തു.