ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി.അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പെടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിൽ ഉണ്ടായ പ്രശ്നം മൂലമാണ് വിൻഡോസ് പണിമുടക്കിയത്.
തകരാറിലായ കമ്പ്യൂട്ടറുകളില്‍ ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുകയാണ്. സ്പൈസ്ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രവർത്തനത്തെയും തകരാര്‍ ബാധിച്ചു. നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ ലാപ്ടോപ്പിന് നേരിട്ട പ്രശ്നം എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ”വിന്‍ഡോസ് തകരാറിലായി.ലോകമെമ്പാടുമുള്ള എല്ലാവരും ഈ പ്രശ്നം നേരിടുന്നതായി തോന്നുന്നു” ഒരു ഉപഭോക്താവ് കുറിച്ചു. പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
യു.എസിന്റെ പല ഭാഗങ്ങളിലും എമർജൻസി 911 സേവനങ്ങൾ തടസപ്പെട്ടു. കൂടാതെ നോൺ-എമർജൻസി കോൾ സെൻ്ററുകളും പ്രവർത്തനരഹിതമായി. തങ്ങൾക്ക് സംപ്രേക്ഷണം ചെയ്യാൻ കഴിയുന്നില്ലെന്ന് ബ്രിട്ടണിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് അറിയിച്ചു. “സ്കൈ ന്യൂസിന് ഇന്ന് രാവിലെ തത്സമയ ടിവി സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞില്ല, തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു” എക്സിക്യൂട്ടീവ് ചെയർമാൻ ഡേവിഡ് റോഡ്സ് എക്സിൽ കുറിച്ചു. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനും വാര്‍ത്താ വിതരണത്തില്‍ തടസം നേരിട്ടു. ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഉപയോഗിക്കുന്ന ആരോഗ്യ ബുക്കിംഗ് സംവിധാനവും തകരാറിലായി.