മൈക്രോസോഫ്റ്റുമായുള്ള പരസ്യ പങ്കാളിത്തത്തില്‍ അടിമുടി മാറ്റംവരുത്തി നെറ്റ്ഫ്ലിക്സ്. പരസ്യം ഉള്‍പ്പെടുത്താന്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താനുളള നീക്കം കമ്പനി ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സെയില്‍സിന്റെയും ടെക്നോളജിയുടേയും പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റ് പങ്കാളിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിനാല്‍ പ്രതിമാസം ഏഴ് ഡോളര്‍ മാത്രം (ഏകദേശം 560 രൂപ) ഈടാക്കുന്ന പ്ലാന്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഏകദേശം 12 വിപണികളിലാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്.കൂടുതല്‍ കസ്റ്റമേഴ്സിനെ ലഭിക്കുന്നതിന് വേണ്ടിയാണ് കമ്പനി പുത്തന്‍ നീക്കങ്ങള്‍ നടത്തുന്നത്. പരസ്യ വരുമാനത്തില്‍ ഇടിവ് വന്നതിന് പിന്നാലെ “റവന്യു ഗ്യാരണ്ടി’ സംബന്ധിച്ച കരാറുകളില്‍ മാറ്റം വരുത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചു.
1,000 വ്യൂസിന് 39-45 ഡോളര്‍ വരെ (ഏകദേശം 3,100-3,600 രൂപ) നെറ്റ്ഫ്ലിക്സിന് നല്കാന് തയാറാണെന്ന് ചില പരസ്യദാതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.നേരത്തെ ഇത് 55 ഡോളര്‍ (ഏകദേശം 4,500 രൂപ) വരെയായിരുന്നു. പങ്കാളിത്തം സംബന്ധിച്ച റിപ്പോര്‍ട്ടിനോട് നെറ്റ്ഫ്ലിക്സും മൈക്രോസോഫ്റ്റും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏതാനും ദിവസം മുന്‍പാണ് പാസ്വേര്ഡ് പങ്കുവെക്കുന്നതിന് നെറ്റ്ഫ്ലിക്സ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ വരിക്കാരുടെ എണ്ണം വര്‍ധിച്ചെന്നും മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 5.9 കോടി ഉപഭോക്താക്കളാണ് പുതിയതായി എത്തിയതെന്നും കമ്പനി അറിയിച്ചിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ക്രോയേഷ്യ, കെനിയ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പാസ്വേര്ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളിലും പുതിയ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.