മയാമി: അമേരിക്കൻ മണ്ണിൽ ഗോളടി തുടർന്ന് ലയണൽ മെസി. തുടർച്ചയായആറാം മത്സരത്തിലും മെസി ഗോൾ നേടിയപ്പോൾ ലീഗ്സ് കപ്പ് ഫുട്ബോളിൽ ഫിലഡെൽഫിയ യൂണിയനെ 4-1ന് തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ കടന്നു. ഇതോടെ കോൺകകാഫ് മേഖലയിലെ 2024 ചാമ്പ്യൻസ് കപ്പിനും ഇന്റർ മയാമി അർഹത നേടി.
20-ാം മിനിറ്റിൽ ടീമിന്റെ രണ്ടാമത്തെ ഗോളാണ് മെസി നേടിയത്. 35 വാര അകലെ നിന്നായിരുന്നു മെസിയുടെ കാർപ്പറ്റ് ഷോട്ട് ഗോളിലേക്ക് പറന്നത്. മയാമിക്കു വേണ്ടിയുള്ള ആറു മത്സരങ്ങളിൽ മെസിക്ക് ഇതോടെ ഒമ്പത് ഗോളുകളായി. മാർട്ടിനെസ് (മൂന്ന്), അൽബ (45), റൂയിസ് (84) എന്നിവരാണ് മയാമിയുടെ മറ്റു ഗോൾസ്കോറർമാർ. മോണ്ടെറിയും നാഷ്വില്ലെയും തമ്മിൽ നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിലെ വിജയിയെ മയാമി ഫൈനലിൽ നേരിടും.