പത്ത് വയസ്സുപോലും തികയാത്ത കുട്ടികളിൽ ആർത്തവം വർധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ സർവേ നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). വർഷാവസാനത്തോടെ ആരംഭിക്കുന്ന സർവേയ്ക്ക് ഐ.സി.എം.ആറിന്റെ കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്താണ് നേതൃത്വം വഹിക്കുക.
സാധാരണ പെൺകുട്ടികളിൽ എട്ടിനും 13-നുമിടയിലുള്ള പ്രായത്തിലാണ് ആർത്തവം തുടങ്ങുന്നത്. ആൺകുട്ടികളിൽ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളിൽ ശാരീരികമാറ്റങ്ങൾ കാണുന്നത് വർധിച്ചിട്ടുണ്ട്. നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങൾ അസ്ഥിക്ഷയം, ഉയരക്കുറവ് തുടങ്ങി കുട്ടികളുടെ ശാരീരിക വളർച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.