ഒട്ടാവ : ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണി പ്രധാനമന്ത്രിയായി എത്തുന്നത്. രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാർണി ചുതലയേൽക്കുക.
ലിബറൽ പാർട്ടിയിലെ 86 ശതമാനം പേരും കാർണിയെ പിന്തുണച്ചു. 131,674 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുൻ ഗവർണറായിരുന്നു.
പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയിൽ രാജി പ്രഖ്യാപിച്ചത്. കടുത്ത ട്രംപ് വിമർശകൻ കൂടിയാണ് കാർണി എന്നതു ശ്രദ്ധേയമാണ്. കാനഡ- അമേരിക്ക വ്യാപര തർക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്നു തന്നെ അദ്ദേഹം പ്രതികരിച്ചു കഴിഞ്ഞു.