മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്ർറെ പുതിയ സിനിമ ചിത്രീകരണ വേളയിലായിരുന്നു രജനിയുടെ വീട്ടിൽ വെച്ചുള്ള കൂടിക്കാഴ്ച. നേരത്തെ സിനിമ റിലീസ് ചെയ്ത സമയത്ത് ഫോണിൽ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. തുടർന്നാണ് നേരിട്ടുള്ള സന്ദർശനം. സംവിധായകൻ ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് വീട്ടിലെത്തിയത്.
ഒരുകൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ സിനിമയാക്കിയതും കണ്മണി എന്ന തമിഴ് ഹിറ്റ് പാട്ടിന്റെ പ്ലേസ്മെന്റും താരങ്ങളുടെ പ്രകടനവും രജനികാന്തിന് ഇഷ്ടമായതായി ചന്തു സലിംകുമാർ പറഞ്ഞു. അദ്ദേഹം പടം കണ്ടിട്ട് ഒരുമാസം ആയി. ഇത്രയും ദിവസം ആയിട്ടും അതൊക്കെ ഓർത്തുവച്ചു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അദ്ഭുതപ്പെട്ടുപോയതായും ചന്തു സലിംകുമാർ പറഞ്ഞു.