മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് പുതിയ റെക്കോർഡിലേക്ക്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷൻ 2018 സിനിമ നേടിയ 175 കോടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് നേട്ടം. ഇനി മുമ്പിലുള്ളത് മലയാള സിനിമക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത 200 കോടിയെന്ന ചരിത്ര നേട്ടമാണ്. അടുത്ത ദിവസങ്ങളിൽ ഇതും നേടുമെന്നാണ് പ്രതീക്ഷ.
കേരളത്തിന് പുറത്ത് ലഭിച്ച വലിയ ജനപ്രീതിയാണ് സിനിമയെ ഇത്രയും വലിയ വിജയത്തിലേക്ക് നയിച്ചത്. കേരളത്തിൽ നിന്ന് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയപ്പോൾ അന്യഭാഷയായിരുന്നിട്ടം തമിഴ്നാട്ടിൽ നിന്ന് നേടിയത് 40 കോടിയിലേറെ രൂപ. കർണാടകയിൽ നിന്ന് എട്ട് കോടിയും സിനിമ സ്വന്തമാക്കി. സിനിമയുടെ തെലുങ്ക് പതിപ്പ് റിലീസ് ആയതോടെ ഇനിയും കളക്ഷൻ വർധിക്കാനാണ് സാധ്യത. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കളക്ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. കമൽഹാസനും ഉദയനിധി സ്റ്റാലിനും സിനിമയുടെ അണിയറ പ്രവർത്തകരെ കണ്ടതും സാമൂഹിക മാധ്യമങ്ങളിലടക്കം ലഭിച്ച പ്രചാരവും സിനിമയുടെ വൻ വിജയത്തിന് കാരണമായി. പുലിമുരുകന്, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കലക്ഷന്‍ നേടിയ മറ്റു മലയാള സിനിമകള്‍.