മാലെ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിൽ കോമാളിയെന്നും ഇസ്രയേലിന്റെ കളിപ്പാവയെന്നും വിളിച്ച യുവജനക്ഷേമ സഹമന്ത്രി മറിയം ഷിയുനയടക്കം മൂന്നു മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലദ്വീപ് സർക്കാർ. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ മോദി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടതിനെ തുടർന്നായിരുന്നു പരിഹാസം. യുവജനക്ഷേമ സഹമന്ത്രിമാരായ മാൽഷ ഷെറീഫ്, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവർ. ഇവരെ സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് ഉത്തരവിറക്കി. മാലദ്വീപ് വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബീച്ച് ടൂറിസത്തിൽ ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവയ്ക്കുന്നെന്നും ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് മോദി ലക്ഷദ്വീപ് സന്ദർശിച്ചതെന്നുമായിരുന്നു അബ്ദുല്ല മഹ്സൂം മാജിദിന്റെ കുറിപ്പ്. അപകീർത്തികരമായ കുറിപ്പുകൾ ആഗോളതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ അഭിനേതാക്കളും സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ള കായികതാരങ്ങളുമടക്കം പ്രമുഖർ നടപടിയെ വിമർശിച്ച് രംഗത്തെത്തി. വിനോദസഞ്ചാരങ്ങളിൽ മാലദ്വീപിനെ ബഹിഷ്കരിക്കുമെന്ന് നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മാലദ്വീപിലെ ജനങ്ങൾതന്നെ വിമർശവുമായി രംഗത്തെത്തി. ഇതോടെ, മന്ത്രിമാർ കുറിപ്പുകൾ പിൻവലിച്ചു.
സംഭവം വിവാദമായ ഉടൻ, സർക്കാർ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രസ്താവനയിറക്കിയിരുന്നു. മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീമും മന്ത്രിമാരുടെ നടപടിയെ വിമർശിച്ചു. നവംബറിൽ മുഹമ്മദ് മൊയ്സു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം മോശമായി വരികയാണ്. മാലദ്വീപിലുള്ള 75 ഇന്ത്യൻ സൈനികർ ഉടൻ പുറത്തുപോകണമെന്ന് അദ്ദേഹം ഉത്തരവിട്ടിരുന്നു. കോപ് 28നോട് അനുബന്ധിച്ച് യുഎഇയിൽവച്ച് നടന്ന മോദി– മൊയ്സു കൂടിക്കാഴ്ചയിൽ, ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നത് ചർച്ച ചെയ്യാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ ധാരണയായി.