ന്യൂഡല്‍ഹി : മാലിദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മുഹമ്മദ് മുയിസുവിന്റെ ഓഫീസ് രാജ്യത്ത് നിന്ന് സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി പ്രസ്താവനയില്‍ അറിയിച്ചത്.
മാലിദ്വീപിന്റെ പ്രസിഡന്റായി മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസത്തിന് ശേഷമാണിത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടികാഴ്ചയിലാണ് മുഹമ്മദ് മുയിസു ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തിയിരുന്നു.
മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയ്ക്ക് മാലിദ്വീപില്‍ നിലവില്‍ 70 ഓളം സൈനികരുണ്ട്, റഡാറുകളും നിരീക്ഷണ വിമാനങ്ങളും കൈകാര്യം ചെയ്യുകയാണ് സൈന്യം. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്താനും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സഹായിക്കുന്നു.
റിജിജു – മുയിസു കൂടികാഴ്ചയില്‍ മയക്കുമരുന്ന് കടത്തിനെതിരെയും മെഡിക്കല്‍ ഇവാക്വേഷനും വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാലദ്വീപില്‍ ഇന്ത്യന്‍ സൈനികരുടെ സേവനം മുഹമ്മദ് മുയിസു ഉന്നയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് പറഞ്ഞു.