അബുദാബി : ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ഭാഗ്യം. 50,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാന തുക. ഖത്തറില്‍ നഴ്സായി ജോലി ചെയ്യുന്ന അരുണ്‍ (36), ഗംഗാധരന് എന്നിവരാണ് മലയാളികളായ വിജയികള്‍.
തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരുണിനെ ഭാഗ്യം കടാക്ഷിച്ചത്. 2019ല്‍ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്ക് പോയ അരുണ്‍ പത്ത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചെന്നും, സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും അരുണ്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഓണ്‍ലൈനായാണ് ഗംഗാധരന് ടിക്കറ്റ് എടുത്തത്.
മലയാളികളെ കൂടാതെ അഞ്ച് പേര്‍ക്കാണ് ഭാഗ്യം തുണച്ചത്. ചെന്നൈ സ്വദേശിയായ സാരംഗരാജ്, പാകിസ്ഥാന് സ്വദേശി മുഹമ്മദ്, ബ്രിട്ടിഷ് പൗരനായ വാറന്‍ എന്നിവരാണ് മറ്റുള്ളവര്‍. ചെന്നൈ സ്വദേശിയായ സാരംഗരാജ് ആറ് വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് വിജയിച്ചത്. അബുദാബിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിലാണ്. ലഭിക്കുന്ന സമ്മാനത്തുക കടങ്ങള്‍ തീര്‍ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാണ് സാരംഗരാജിന്റെ തീരുമാനം.