U.S. President Donald Trump holds a campaign rally in Sunrise, Florida, U.S., November 26, 2019. REUTERS/Yuri Gripas
വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും. മെയ്ന്‍ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് വിലക്ക്. 2021 ജനുവരിയില്‍ യു എസ് കാപ്പിറ്റോളിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. കോളറാഡോ സംസ്ഥാനത്ത് നിന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ കോളറാഡോ സുപ്രീം കോടതി അയോഗ്യനാക്കിയതും ഇതേ കാരണം പറഞ്ഞായിരുന്നു.
‘2021 ജനുവരി 6 ലെ സംഭവങ്ങള്‍ മുന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ്. കൂടാതെ അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചത്. നമ്മുടെ ഗവണ്മെന്റിന്റെ അടിത്തറയ്ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന വെച്ചുപൊറുപ്പിക്കില്ല. ഇക്കാരണത്താല്‍ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്’- മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് വിധിന്യായത്തില്‍ പറഞ്ഞു.അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ട്രംപ്. വിലക്കിനെതിരെ ട്രംപ് മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള അമേരിക്കന്‍ ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറ്.