ബ്യൂണസ് അയേഴ്സ് : പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകൻ ലിയാം പെയ്നിനെ അർജന്റീനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണാണ് 31കാരൻ മരിച്ചത്. മരണം ആത്മഹത്യാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. എന്നാൽ ആരാധകർ ദുരൂഹത ആരോപിക്കുന്നു.
പ്രസിദ്ധ പോപ് ബാൻഡ് ‘വൺ ഡയറക്ഷനി’ലൂടെയാണ് ലിയാം പെയ്ൻ വലിയ ആരാധകരെ സൃഷ്ടിച്ചത്. ബുധനാഴ്ച വൈകീട്ട് താമസിച്ച ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ നിന്നു വീണാണ് മരണം. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
മരണത്തിനു തൊട്ടു മുൻപ് താരം ഹോട്ടൽ ലോബിയിൽ വച്ച് അസ്വാഭവികമായി പെരുമാറിയിരുന്നതായും സ്വന്തം ലാപ് ടോപ് തല്ലിത്തകർത്ത് മുറിയിലേക്ക് പോയെന്നും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്നു അവരെത്തിയിരുന്നു.
എന്നാൽ പൊലീസ് വന്നയുടൻ ബാൽക്കണയിൽ നിന്നു എന്തോ താഴേക്കു വീഴുന്ന ശബ്ദം കേട്ടു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു ഉദ്യോഗസ്ഥർ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ലിയാം പെയ്ൻ താമസിച്ച മുറിയിലെ ടിവി തകർത്തതായി കണ്ടെത്തി. ലഹരി മരുന്നും ഇവിടെ നിന്നു കണ്ടെടുത്തു. മരിക്കുന്നതിനു മുൻപ് ലിയാം പെയ്ൻ കാമുകിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടിരുന്നു. അവധി ആഘോഷിക്കാനായി സെപ്റ്റംബർ 30നാണ് ഇരുവരും അർജന്റീനയിലെത്തിയത്. കാമുകി കഴിഞ്ഞ ദിവസം തിരിച്ചു പോയെങ്കിലും ലിയാം പെയ്ൻ അർജന്റീനയിൽ തന്നെ തുടർന്നു.
താൻ ലഹരിക്കടിമയാണെന്നു ലിയാം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ലഹരി മുക്തിക്കായി ചികിത്സ നടത്തുന്നതായും നേരത്തെ ലിയാം വ്യക്തമാക്കിയിട്ടുണ്ട്.