കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ചുണ്ടായ അഭിഭാഷക വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന പത്ത് വിദ്യാർഥികൾക്ക് നേരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, മഹാരാജാസ് കോളജിന് മുന്നിൽ വീണ്ടും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ ഇന്നും വാക്ക്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞെന്നാണ് ആക്ഷേപം. അഭിഭാഷകർ മഹാരാജാസ് കോളജിലേയ്ക്ക് കല്ലെറിഞ്ഞെന്നും വിദ്യാർഥികൾ ആരോപിച്ചു. അഭിഭാഷകർ കോളജിലേക്ക് കല്ലും ബിയർ ബോട്ടിലും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.
ഇന്നലെ എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. രണ്ട് വിഭാഗമായി തിരിഞ്ഞായിരുന്നു സംഘർഷം. വിദ്യാർഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.
മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.