റിയാദ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്. 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയിലുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
5000 ബില്യന്‍ ഡോളര്‍ ചെലവഴിച്ച് നടപ്പാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡൗണ്‍ ടൗണ്‍ പദ്ധതിയായ ന്യൂ മുറബ്ബയുടെ ഭാഗമായാണ് മുകഅബ് ടവര്‍ എന്ന വന്‍ കെട്ടിടം ഒരുങ്ങുന്നത്. പദ്ധതി 2023 ഫെബ്രുരി 16 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് പ്രഖ്യാപിച്ചത്.
വടക്കു പടിഞ്ഞാറന്‍ റിയാദില്‍ കിങ് സല്മാന്, കിങ് ഖാലിദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം 19 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പുതിയ ഡൗണ്ടൗണ് പദ്ധതി നടപ്പാക്കുന്നത്. 1,04,000 പാര്‍പ്പിട യൂണിറ്റുകളും 9,000 ഹോട്ടല്‍ മുറികളും 9,80,000 ചതുരശ്രമീറ്ററിലേറെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വ്യാപാര മേഖലകളും 14 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഓഫിസ് സ്പേസും 6,20,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വിനോദ കേന്ദ്രങ്ങളും 18 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമുണ്ടാകും. 2030 ല്‍ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമൊണ് കരുതുന്നത്.
റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഹോട്ടലുകള്‍, ഓഫിസ് സ്പേസുകള്‍, റീട്ടെയില്‍, ഡൈനിങ്, ഉല്ലാസ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ഒരൊറ്റ കെട്ടിടത്തിനകത്ത് ഒരു ഫ്യൂച്ചറിസ്റ്റിക് നഗരമായി വിഭാവനം ചെയ്യപ്പെടുന്ന അല്‍മുകഅബിന് 20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടാകും.