ആരോഗ്യ രംഗത്തെ കണക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ പോലും വ്യാജമാണെന്നും കണക്കുകളിൽ സുതാര്യതയില്ലെന്നും ലാൻസെറ്റ് മുഖപ്രസംഗം കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഡാറ്റയും സുതാര്യതയും എന്തുകൊണ്ട് പ്രധാനം’ എന്ന തലക്കെട്ടോടെയാണ് ആരോഗ്യരംഗത്തെ പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് 4.8 ലക്ഷം പേർ മരണപ്പെട്ടെന്നായിരുന്നു കേന്ദ്ര സർക്കാർ കണക്ക്. എന്നാൽ 6 മുതൽ 8 മടങ്ങ് വരെ മരണം സംഭവിച്ചിട്ടുണ്ടെന്ന ലോകാര്യോഗ്യ സംഘടനയുടെ കണക്കുൾപ്പെടെ നിരത്തിയാണ് കേന്ദ്രത്തെ വിമർശിക്കുന്നത്.
ആരോഗ്യ നയ രൂപീകരണത്തിലും ആസൂത്രണത്തിലും കൃത്യതയാർന്ന വിവരങ്ങൾ നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും സമഗ്രമായ പഠനം ആവശ്യമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. ദേശീയ സംസ്ഥാന തലത്തിൽ നടക്കുന്ന എല്ലാ കുടുംബാരോഗ്യ സർവ്വേകളുടെ അടിസ്ഥാനം സെൻസസാണ്. എന്നാൽ കോവിഡ് മൂലം 2021 ലെ സെൻസസ് മുടങ്ങി. 2024ലെ ഇലക്ട്രോണിക് സർവ്വേ നടത്തുമെന്ന പ്രഖ്യാപനം ലക്ഷ്യം കാണേണ്ടത് അത്യാവശ്യമാന്നെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.