കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് അയണ്‍ സിന്റര്‍ നിര്‍മിച്ചത്.
നിലവിലുള്ള പ്ലാന്റില്‍ തന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അയണ്‍ സിന്ററുകള്‍ ഉല്‍പ്പാദിപ്പിച്ചത്.ഇവ ടിഎംടി കമ്പികള്‍ നിര്‍മിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാമെന്ന് ടിഎംടി കമ്പി ഉണ്ടാക്കുന്ന കമ്പനികളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. പുതിയതായി കണ്ടെത്തിയ സാങ്കേതികവിദ്യയുടെ പേറ്റന്റ് ലഭിക്കുന്നതിന് കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
ഉല്‍പ്പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്സൈഡ് നിലവിൽ വലിയ പോണ്ടുകളില്‍ സംരക്ഷിച്ചിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നതോടെ അയണോക്സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സാമ്പത്തികനേട്ടം കൈവരിക്കാനും കെഎംഎംഎല്ലിന് കഴിയും.
ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡില്‍ നിന്നാണ് ഇരുമ്പ് മാത്രമായി വേര്‍തിരിച്ച് ആദ്യലോഡ് കള്ളിയത്ത് ടിഎംടിയിലേക്ക് അയച്ചു.കള്ളിയത്ത് ടിഎംടിയിലേക്ക് അയച്ച ആദ്യലോഡിന്റെ ഫ്ലാഗ് ഓഫ് മാനേജിങ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് നിർവഹിച്ചു. അഞ്ചുടണ്‍ അയണ്‍ സിന്ററുകളാണ് കെഎംഎംഎല്ലില്‍നിന്ന് ആദ്യഘട്ടത്തിൽ അയച്ചത്.