തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് കത്ത് നൽകിയത്. എന്നാൽ കമ്മീഷൻ സിനിമക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. അതേസമയം സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ ഇടപെടാൻ കേരള ഹൈക്കോടതിയും വിസമ്മതിച്ചു.
സിനിമക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ സിനിമ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെന്നാണ് സിനിമ സംവിധാനം ചെയ്തത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 225 കോടി കളക്ഷൻ നേടിയെന്നാണ് കണക്ക്.