തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്ര ബുക്ക് ചെയ്യാന്‍ ടൂറിസം വകുപ്പ് പ്രത്യേക ആപ്പ് പുറത്തിറക്കും. ടിക്കറ്റ് തുക ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. യാത്രയില്‍ പാലിക്കേണ്ട മുന്‍കരുതലും നിര്‍ദേശങ്ങളുമുണ്ടാകും.
മന്ത്രിസഭ പാസാക്കിയ ഹെലി-ടൂറിസം നയത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും ആപ്പ് തയ്യാറാക്കുക. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെടിഐഎല്‍) ആയിരിക്കും ഹെലിടൂറിസം പദ്ധതിയുടെ ഏകോപന ചുമതല. വ്യോമയാന മന്ത്രാലയം, ഗതാഗതം, തദ്ദേശം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവര്‍ത്തനം.
സംസ്ഥാനത്ത് ഹെലിപാഡുകളും ഹെലിസ്റ്റേഷനുകളും നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ സര്‍വേയും സാധ്യതാപഠനവും നടത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെലികോപ്ടര്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകര്‍ക്ക് സ്വന്തം സ്ഥലങ്ങളിലോ സര്‍ക്കാര്‍ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോര്‍ട്ടുകളും എയര്‍സ്ട്രിപ്പുകളും നിര്‍മിക്കാന്‍ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്.