ബിഗ്ബോസ് ഗ്രാൻഡ് ഫിനാലെയിൽ തന്നെ തോല്‍പ്പിക്കാന്‍ പ്രമുഖനായ മന്ത്രി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍. മറ്റൊരു മത്സരാര്‍ഥിയെ വിജയിപ്പിക്കാനായി മന്ത്രി ഇടപെട്ടു. മന്ത്രി തലത്തില്‍ നിന്നും ഏഷ്യാനെറ്റിന് സമ്മര്‍ദമുണ്ടായി. എന്നാല്‍, ചാനലിന് അതില്‍ പങ്കുണ്ടോ എന്ന് അറിയില്ല. മറ്റൊരു മത്സരാര്‍ഥിക്ക് വേണ്ടി റോബോട്ടിക് വോട്ടുകള്‍ ഉപയോഗിച്ച് വോട്ടിംഗില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. എന്നാല്‍, അത് പിടിക്കപ്പെട്ടു.
എന്റെ സുഹൃത്ത് ഈ വിവരം അറിയുകയും എന്നോട് പറയുകയും ചെയ്തു. നിലവില്‍ മന്ത്രി സ്ഥാനത്തിരിക്കുന്ന പ്രമുഖ വ്യക്തിയാണ് ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയത്. ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ല. അയാള്‍ ഏത് അറ്റം വരെ പോകും എന്ന് നോക്കട്ടെ. തന്റെ സുഹൃത്തുമായി ചര്‍ച്ച ചെയ്ത് ആ മന്ത്രിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും അഖില്‍ മാരാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കുറേ കാര്യങ്ങള്‍ അറിഞ്ഞു. ഞാന്‍ തോല്‍ക്കാനായി ഏറെ ബാഹ്യ ഇടപെടലുകള്‍ നടന്നു എന്ന്. മന്ത്രി തലത്തില്‍ നിന്നുപോലും ഇടപെടലുകള്‍ ഉണ്ടായി. ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ല. ഞാന്‍ ജയിക്കാതിരിക്കാന്‍ വേണ്ടി പുറത്തുനിന്ന് ചിലര്‍ കളിച്ചിരുന്നു. അത്തരം ഇടപെടലുകള്‍ ഉണ്ടായത് എന്റെ സുഹൃത്തുക്കള്‍ അടക്കം എന്നോട് പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിമാരില്‍ ഒരാളാണ്. കെ എന്‍ ബാലഗോപാല്‍ അല്ല അത്. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമാണ്. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല.
ആ മന്ത്രിയ്ക്ക് എന്നോട് വിരോധം ഉണ്ടായിട്ടല്ല. മറ്റുള്ള ചില മത്സരാര്‍ത്ഥികളോടുള്ള സ്നേഹം കൊണ്ടാണ്. അഖില്‍ തോല്‍ക്കരുത് എന്നുള്ളതല്ല അവരുടെ പ്രധാന ലക്ഷ്യം. മറ്റൊരു മത്സരാര്‍ത്ഥി ജയിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. അവര്‍ ആഗ്രഹിക്കുന്ന ചില ആളുകള്‍ ജയിച്ചു വരിക. ഞാന്‍ ജയിക്കും എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപിച്ചപ്പോള്‍ അത് അങ്ങനെ ഉണ്ടാകരുത് എന്ന തരത്തിലുള്ള പ്ലാനുകളും പരിപാടികളും ഒക്കെ നടന്നിരുന്നു. റോബോട്ടിക് വോട്ട്, അതായത് ജനങ്ങള്‍ ഹോട്ട് സ്റ്റാറില്‍ ചെയ്തിട്ടുള്ള വോട്ടുകള്‍ അല്ലാതെ റോബോട്ടിക്കായ, കൃത്രിമമായ വോട്ടുകള്‍ വന്നു. അത് കമ്പനി കണ്ടെത്തി. അതിനെ തടഞ്ഞു. അതായത് ഷോ നടത്തിയ കമ്പനി ഗ്രാൻഡ് ഫിനാലെയില്‍ അത്രയും ശ്രദ്ധിച്ചിരുന്നു.
എന്നെ തോല്‍പ്പിക്കാന്‍ ഏഷ്യാനെറ്റിന് മുകളില്‍ വലിയ ഇടപെടലുകള്‍ നടന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇപ്പോള്‍ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അയാള്‍ ഏത് അറ്റം വരെ പോകും എന്ന് നോക്കട്ടെ. ഏഷ്യാനെറ്റ് അതിന് കൂട്ടുനിന്നോ എന്നുള്ളതും എനിക്കറിയില്ല. നല്ല മത്സരാര്‍ത്ഥി തന്നെ ജയിക്കണം എന്ന് എന്‍ഡ് മോള് ഷൈന്‍ എന്ന കോര്‍പ്പറേറ്റ് കമ്പനി ആഗ്രഹിച്ചിരുന്നു.