വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പുറത്തുവിട്ട വീഡിയോയിലൂടെയാണ് അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും നാൽപത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്. ജനുവരിയിലാണ് അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറഞ്ഞു. ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റെയും വാർത്ത പുറത്തുവരുന്നത്.
ജനുവരിയിലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കേറ്റ് പറഞ്ഞു. കാൻസറാണെന്ന് സ്ഥിരീകരിച്ചതോടെ പ്രിവന്റീവ് കീമോതെറാപ്പി ആരംഭിക്കണമെന്ന് തന്റെ മെഡിക്കൽ ടീം നിർദേശിച്ചു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഈസ്റ്റർ കഴിയുന്നതുവരെ കേറ്റ് ഔദ്യോഗിക ജോലികളിലേക്ക് തിരികെയെത്തില്ലെന്നാണ് രാജകുടുംബം വ്യക്തമാക്കിയത്. അതേസമയം ഏതുതരം കാൻസറാണ് ബാധിച്ചത് എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കേറ്റിന്റെ ഓഫീസ് കൂടിയായ കെൻസിങ്ടൺ പാലസ് പുറത്തുവിട്ടിട്ടില്ല. ചികിത്സാവിവരങ്ങൾ സ്വകാര്യമാക്കുന്നതിനുള്ള അവകാശം കേറ്റിനുണ്ടെന്നും സുഖംപ്രാപിച്ചുവരികയാണെന്നും കെൻസിങ്ടൺ പാലസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാൾസ് രാജാവിനും കാൻസർ ബാധിച്ച വിവരം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. എന്തുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പങ്കുവെക്കുന്നില്ലെന്ന് മാത്രമാണ് അറിയിച്ചത്.