വാഷിങ്ടണ്‍ : പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. 1969-ല്‍ റിച്ചാര്‍ഡ് നിക്സന്റെ ഭരണത്തില്‍ എത്തിയപ്പോള്‍ 29 വയസ്സുണ്ടായിരുന്ന റൊണാള്‍ഡ് സീഗ്ലറിനായിരുന്നു മുമ്പ് ഈ നേട്ടം.
‘എന്റെ ചരിത്രപരമായ കാംപയനില്‍ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയില്‍ കരോലിന് ലെവിറ്റ് അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചു, കരോലിന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് ലെവിറ്റ്. നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ അവര്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന്’ ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റായുള്ള ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി കരോലിന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ തെരഞ്ഞെടുപ്പില്‍ ന്യൂ ഹാംസ്ഫിയറില് നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. യുഎസ് കോണ്‍ഗ്രസിലെ എലീസ സ്റ്റഫാങ്കിയുടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.