വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് ജോ ബൈഡന്. വീണ്ടും പ്രസിഡന്റായാല്‍ അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും ജോ ബൈഡന് പറഞ്ഞു. യുഎസ്എ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലയിരുന്നു ബൈഡന്റെ പ്രതികരണം.
‘ഇപ്പോള്‍ 82 വയസ്സായി. ഇതുവരെ വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ 86 വയസ്സാകുമ്പോള്‍ ഞാന്‍ എങ്ങനെയുണ്ടാകുമെന്ന് ആര്‍ക്കറിയാം’ -ബൈഡന് പറഞ്ഞു. മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ ലിസ് ചെനി, മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന് ഡോ. ആന്റണി ഫൗസി എന്നിവരുള്‍പ്പെടെ ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുപക്ഷത്തുള്ളവര്‍ക്ക് മുന്‍കൂര്‍ മാപ്പ് നല്കുന്ന കാര്യം താന്‍ ഇപ്പോഴും പരിഗണിക്കുന്നുണ്ടെന്നും, ട്രംപ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്ക് ആരെ തെരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്. 538ല്‍ 312 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടി. സര്‍വേ ഫലങ്ങളില്‍ ട്രംപിനെക്കാള്‍ ബൈഡന് ഏറെ പിന്നിലായതിനെ തുടര്‍ന്നാണ് ബൈഡനെ പിന്‍വലിച്ച് ഡെമോക്രാറ്റുകള്‍ കമല ഹാരിസിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. ജനുവരി 20ന് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.