ടോക്കിയോ : ജപ്പാന് കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്.
അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഹോണ്‍ഷു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തിന്റെ ബാക്കി ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പുകള്‍ ഉണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ നിലവില്‍ താസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ ആരംഭിച്ചു.
നിലവില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ജപ്പാന് തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു