തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷൻ ആഗസ്റ്റിൽ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഐ.എസ് .ആർ.ഒയുടെ ലക്ഷ്യം.
അബോർട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കി. അതിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്കേപ്പ് സിസ്റ്റവും ഘടിപ്പിക്കും. ഇത് ബഹിരാകാശത്തയച്ച് സുരക്ഷാ സംവിധാനം പരീക്ഷിക്കും. നാല് അബോർട്ട് പരീക്ഷണങ്ങൾക്ക് ശേഷം അടുത്ത ജനുവരിയിൽ ആളില്ലാ ബഹിരാകാശ പേടകം വിക്ഷേപിക്കും. ഇത് സുരക്ഷിതമായി തിരിച്ചെത്തിയാൽ 2024 ഒടുവിലോ 2025 ആദ്യമോ ആകും ഗഗൻയാൻ വിക്ഷേപണം.
ഭൂമിയുടെ 300 -400 കി. മീറ്റർ ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗൻയാൻ വിക്ഷേപിക്കുക. നാലു ദിവസത്തിനു ശേഷം തിരിച്ചെത്തും. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പേർ റഷ്യയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 10000 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. ഗഗൻയാൻ ദൗത്യം വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേരും.
ഗഗൻയാനിലെ സുരക്ഷ ഇങ്ങനെ
ക്രൂ എസ്കേപ്പ് , ഇന്റഗ്രേറ്റഡ് വെഹിക്കിൾ ഹെൽത്ത് മാനേജ്മെന്റ് എന്നിങ്ങനെ രണ്ട് സംവിധാനം
സാങ്കേതിക സംവിധാനങ്ങൾ പരിശോധിച്ച് വിവരങ്ങൾ കൈമാറലാണ് ക്രൂ എസ്കേപ്പ്
പ്രശ്നങ്ങൾ കണ്ടെത്തി സ്വയം പരിഹരിക്കലാണ് വെഹിക്കിൾ ഹെൽത്ത് മാനേജ്മെന്റ്