ബംഗളൂരു : ചാന്ദ്രയാൻ 3 ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ടുനീങ്ങുന്നുവെന്ന് ഐ എസ് ആർ ഒ. ഒരുക്കങ്ങളെല്ലാം പൂർണമാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം വൈകിട്ട് 5.45ന് തന്നെ സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ മെല്ലെ ഇറങ്ങേണ്ടത്. ഈ സമയം ബഹിരാകാശത്തിന്റെ അനന്തതയിലെ നിശബ്ദമായ ഒരു കൊടുങ്കാറ്റാണ്. കൊടും പരീക്ഷണങ്ങളിൽ ലാൻഡർ ഒറ്റയ്ക്കാണ്. എല്ലാം സ്വയം തീരുമാനിക്കണം. കൃത്യ സമയത്ത് കൃത്യമായ ഉയരങ്ങളിൽ എൻജിനുകൾ ജ്വലിപ്പിക്കണം. ഇന്ധനം കൃത്യ അളവിൽ ഉപയോഗിക്കണം. തിരശ്ചീനമായും ലംബമായും സഞ്ചരിക്കണം. ഇറങ്ങാൻ തടസമാകുന്ന കുന്നും കുഴിയും കണ്ടെത്താൻ ചന്ദ്രോപരിതലം സ്കാൻ ചെയ്യണം.
ചുഴിമലരികളെല്ലാം അതിജീവിച്ച് 6.04ന് ലാൻഡർ ചന്ദ്രന്റെ മണ്ണിൽ തൊടുന്ന നിമിഷം ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചെെനയ്ക്കും കഴിയാത്ത നേട്ടം.
ലാൻഡറിൽ നിന്ന് റോവർ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇന്ത്യയ്ക്ക് മുമ്പ് ചന്ദ്രനിലിറങ്ങാൻ റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകർന്നു. നാലുവർഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാൻ 2നും സമാന അനുഭവമായിരുന്നു. ആ പിഴവുകൾ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാൻഡർ എത്തിയത്.