ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും, പ്രജ്ഞാന് റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്. വിക്ഷേപണ ശേഷം ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ലാന്റര്‍ മോഡ്യൂളിനെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് ലാന്റര്‍ മോഡ്യൂള്‍ ആണ് ചന്ദ്രനില്‍ ഇറങ്ങുക. ഇതിനുള്ളിലാണ് റോവര്‍ സ്ഥാപിച്ചിട്ടുള്ളത്. ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം. ലാന്റിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഭൂമിയില്‍ സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനില്‍ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ സെപ്റ്റംബറിലേക്ക് നീളും. ഒരു ചാന്ദ്രദിനമാണ് ദൗത്യ കാലയളവ്. ഇത് ഭൂമിയിലെ 14 ദിവസം വരും. ഇക്കാലയളവിൽ ലാന്ററിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വിവരശേഖരണങ്ങളും ഐഎസ്ആര്‍ഒ ആരംഭിക്കും.