ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ നിര്‍ണായക ഘട്ടവും വിജയം. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു. ലാൻഡറിന്റെ ഭ്രമണപഥം താഴ്ത്തുക വെളളിയാഴ്ച വൈകുന്നേരം നാലിന്. പേടകത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി.
ഈ മാസം 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.എന്‍ജിനുകള്‍ തകരാറിലായാല്‍ പോലും സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുന്ന തരത്തിലാണ് ലാന്‍ഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയര്മാന് എസ്. സോമനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ആണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3 യുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഈ മാസം ആറ്, ഒമ്പത്, 14 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ മൂന്ന് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.